പുഴക്കാട്ടിരി: മലപ്പുറം സഹോദയ സിബിഎസ്ഇ ജില്ലാ കലോത്സവത്തിന് പുഴക്കാട്ടിരി പിഇഎസ് ഗ്ലോബൽ സ്കൂളിൽ തിരിതെളിഞ്ഞു. ജില്ലയിലെ 62 സിബിഎസ്ഇ വിദ്യാലയങ്ങളിലെ 1750ൽപരം വിദ്യാർഥികൾ മാറ്റുരക്കുന്ന കലോത്സവം എട്ടു വേദികളാണ് അരങ്ങേറുന്നത്.
കലോത്സവം കളക്ടർ ഡോ. വിനയ് ഗോയൽ ഉദ്ഘാടനം ചെയ്തു. കലോത്സവങ്ങൾ കുട്ടികളിൽ സാഹോദര്യവും ഐക്യബോധവും ഉൗട്ടിയുറപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സഹോദയ മലപ്പുറം മേഖല പ്രസിഡന്റ് എം. അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു. സഹോദയ മാഗസിൻ അവാർഡുകൾ യഥാക്രമം പീസ് പബ്ലിക് സ്കൂൾ കോട്ടക്കൽ, സെന്റ് ജോസഫ്സ് പുത്തനങ്ങാടി, എംഇഎസ് വളാഞ്ചേരി എന്നീ സ്കൂളുകൾക്ക് കളക്ടർ സമ്മാനിച്ചു.
പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ മുഖ്യപ്രഭാഷണം നടത്തി. കലോത്സവ ലോഗോ രൂപകൽപന ചെയ്ത കോട്ടക്കൽ സേക്രഡ് ഹാർട്ട് സ്കൂളിലെ നീതു കൃഷ്ണക്ക് കാഷ് അവാർഡും ശിലാഫലകവും സമ്മാനിച്ചു. യുവ ഗായികയും റിയാലിറ്റിഷോ താരവുമായ തീർഥ സത്യൻ ഗാനമാലപിച്ചു.
പിഇഎസ് ഗ്ലോബൽ സ്കൂൾ ചെയർമാൻ പി. നാരായണൻ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. സ്കൂൾ വൈസ് ചെയർമാൻ പി. അജയ്, ഡയറക്ടർ ഡോ. വി.എ. അജയ്, മേളയുടെ ജനറൽ കണ്വീനറും പിഇഎസ് ഗ്ലോബൽ സ്കൂൾ പ്രിൻസിപ്പലുമായ വിനീത വി. നായർ, സഹോദയ ഭാരവാഹികളായ ജനറൽ സെക്രട്ടറി എം. ജൗഹർ, പി. ഹരിദാസ്, ഫാ. നന്നം പ്രേംകുമാർ, ജോബിൻ സെബാസ്റ്റ്യൻ, കെ. ഉണ്ണികൃഷ്ണൻ, നിർമല ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
നാളെ വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ കേരള സഹോദയ കോണ്ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ജോജി പോൾ ഓവറോൾ പുരസ്കാരങ്ങൾ വിതരണം ചെയ്യും.